Reviews By Sajid A Lathif

 

ബോഡി ലാബ്


                 ഡോ. രജത് എഴുതിയ രണ്ടാമത്തെ നോവല്‍ "ബോഡി ലാബ്" വളരെ     Ambitious  ആയൊരു നോവല്‍ ശ്രമമാണ്. അദ്ദേഹത്തിന്‍റെ ആദ്യ നോവലിനെക്കാള്‍ വളരെയധികം മുന്നിലാണ് ഈ നോവല്‍ എന്ന് ഞാന്‍ വിചാരിക്കുന്നു. ഫോറന്‍സിക്  പശ്ചാത്തലം  കടന്ന് വരുന്നുണ്ട് എങ്കില്‍ പോലും ആദ്യനോവല്‍ എഴുതാന്‍ പതിവ് കുറ്റാന്വേഷ്ണനോവലുകളുടെ കണ്‍വെന്‍ഷനുകളെ തന്നെ എഴുത്തുകാരന്‍ ആശ്രയിക്കുമ്പോള്‍ ഈ നോവല്‍ അദ്ദേഹത്തിന്‍റെ പ്രൊഫഷണല്‍ വൈദഗ്ധ്യത്തെ ആശ്രയിക്കുന്നു എന്നതാണ് ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത്. അഥവാ പ്രൊഫഷണല്‍ മേഖലയുമായുള്ള ഫസ്റ്റ് ഹാന്‍ഡ് അനുഭവപരിചയമാണ് ഈ നോവലിന്‍റെ അനുഭവതലം വായനക്കാരിലേയ്ക്ക് പകരുന്നത്. 

            ചില തൊഴില്‍ മേഖലകള്‍ അതുമായി ബന്ധപ്പെടാതെ പുറത്ത് നില്‍ക്കുന്ന പൊതുജനത്തിന് എപ്പോഴും ആകാംക്ഷ ജനിപ്പിക്കുന്നതാണ്. അത്തരത്തില്‍ ഒന്നാണ് ഫോറന്‍സിക് വിഭാഗം.  അതൊരു അറിവ് മേഖലയായിരിക്കുമ്പോള്‍ തന്നെ അവ ഉദ്വേഗജനകവുമായിരിക്കുന്നു എന്നത് ആ പശ്ചാത്തലത്തില്‍ എഴുതുന്ന പുസ്തകങ്ങളെയും അങ്ങനെയാക്കിത്തീര്‍ക്കുന്നു. ഡോ. സിഡ്നി സ്മിത്തിന്‍റെ ഫോറന്‍സിക് അനുഭവക്കുറിപ്പ്‌ :  Mostly Murder, മലയാളത്തില്‍ ഡോ. ഉമാദത്തന്‍റെ "ഒരു പോലീസ് സര്‍ജന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍" എന്നീ പുസ്തകങ്ങള്‍ അവയുടെ ആഖ്യാനഗുണം കൊണ്ടും അവയുടെ അറിവ്-ഉള്ളടക്കം കൊണ്ടും നമ്മളെ ആകര്‍ഷിക്കും.  ഡോ. രജത്തിന്‍റെ "ബോഡിലാബും" നോവലിന്‍റെ ആഖ്യാനപരിസരം കൊണ്ട് തന്നെ വായനക്കാരെ ഉദ്വേഗഭരിതരാക്കാന്‍ പര്യാപതമാണ്. 

                    മരണവും ജഡങ്ങളുമൊക്കെയായി ബന്ധപ്പെട്ട ഭീതിയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നൊരു വാക്കാണ്‌  Macabre.   അടിമുടി  Macabre ആണ് ബോഡിലാബ്.  ഒരു കുറ്റാന്വേഷണനോവലാണ്‌ ഇത് എന്ന് പറയാമെങ്കിലും  ഒരു  Whodunnit ന്‍റെ സ്ഥിരം ഘടന  ഉപയോഗിക്കേണ്ടതില്ലാത്ത വിധം എഴുത്തുകാരന്‍ ആഖ്യാനത്തെയും പ്രമേയത്തെയും ഉപയോഗപ്പെടുത്തിയിരിക്കുന്നു.  ഒരു സ്വകാര്യമെഡിക്കല്‍ കോളേജില്‍ അനാറ്റമി ട്യൂട്ടറായി ജോലിക്കെത്തുന്ന അഹല്യ എന്ന യുവ ഡോക്ടര്‍ മാനസികമായും ശാരീരികമായും വെല്ലുവിളികള്‍ നേരിടുന്നവളാണ്  കുട്ടികളെ പഠിപ്പിക്കാന്‍ അവളുടെ മുന്നിലെത്തുന്ന ഒരു കഡാവര്‍ അവളില്‍ ദുരൂഹമായ സംശയങ്ങള്‍ ഉണര്‍ത്തുന്നതും അതിനെ പിന്നാലെയുള്ള അവളുടെ യാത്രകളുമാണ് നോവലിന്‍റെ പ്രമേയം.  അഹല്യയുടെ അന്വേഷണത്തിന് ഒരു ഔദ്യോഗികമോ അനൌദ്യോഗികമോ ആയ ഒരു ഡിറ്റക്ടീവിന്‍റെ അന്വേഷണത്തിന്‍റെ സ്വഭാവമല്ല ഉള്ളത്. അവള്‍ വളരെയധികം  Human  ആയ,  Vulnerable ആയ ഒരു മനുഷ്യജീവിയായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് നോവലിന്‍റെ ഗുണപരമായ വശം. കഥാപരിസരം സ്വതേ തുറന്ന് വയ്ക്കുന്ന ഭീതി-യും ഉദ്വേഗവും നിറഞ്ഞ അന്തരീക്ഷത്തെ സെന്‍സേഷണലൈസ് ചെയ്യാതിരിക്കുന്നതും മിതമായ- Ornamental അല്ലാത്ത ഭാഷയും നോവലിന് ഗുണകരമായി വന്നിട്ടുണ്ട്.  മെഡിക്കല്‍ സംബന്ധമായ വിവരങ്ങളും മുഴച്ച് നില്‍ക്കാതെ ആഖ്യാനത്തിന്‍റെ ഭാഗമായിത്തന്നെ നില്‍ക്കുന്നു. 

        സ്കോട്ട്ലന്‍ഡിലെ ശവമോഷ്ടാക്കളായിരുന്ന ബര്‍ക്കിന്‍റെയും ഹെയറിന്‍റെയും ജീവിതപരിസരത്ത് നിന്ന് ആര്‍ എല്‍ സ്റ്റീവന്‍സന്‍ എഴുതിയ  The Body Snatcher  എന്ന കഥ സമാനമായി ഡിസക്ഷന്‍മുറിയുടെയും കഡാവറുകകളുടെയും ലോകത്തെക്കുറിച്ച് പറയുന്ന ഒരു ലോകകഥയാണ്. അലന്‍ പോ, മോപ്പസാങ്ങ് ഇവരെല്ലാം Macabre  കഥകള്‍ പറയാന്‍ ഇഷ്ടപ്പെട്ടവരാണ്.  ഈ  നോവലിന് വേണ്ടി  ഡോ. രജത് എടുത്ത എഫര്‍ട്ട് തികച്ചും സാര്‍ത്ഥകമായിരിക്കുന്നു എന്ന് പറയാന്‍ സന്തോഷമുണ്ട്. ഇനി ഈ മേഖലയെക്കുറിച്ച് ഒരു നോവല്‍ വരുമ്പോള്‍ അയാള്‍ക്ക് ഇതിന് മേലെ എഫര്‍ട്ട് ഇടാന്‍ ബാധ്യസ്ഥനാണ് . എഴുത്തുകാരന് ആശംസകള്‍. മലയാളത്തില്‍ ഒരു റോബിന്‍ കുക്ക് എന്ന പോലെ ഇനിയും തനിക്ക് പരിചിതമായ പരിസരങ്ങളുടെ ഉദ്വേഗജനകമായ സാധ്യതകള്‍  explore  ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.


ഇരുള്‍സന്ദര്‍ശനങ്ങള്‍


ക്രൈം ഫിക്ഷന്‍ വായനകളെക്കുറിച്ച് പി കെ രാജശേഖരന്‍ എഴുതിയ പുസ്തകമാണ് "ഇരുള്‍സന്ദര്‍ശനങ്ങള്‍". അദ്ദേഹം ഒരു മാസികയില്‍ പരമ്പരയായി എഴുതിയ കുറിപ്പുകള്‍ സമാഹരിച്ചതാണ് പുസ്തകം എന്ന് കരുതുന്നു.  കുറച്ചൊക്കെ 

സമകാലികവും കുറച്ചൊക്കെ പഴയ കാലത്തെയും ക്രൈം ഫിക്ഷനുകളെയും അവയുടെ എഴുത്തുകാരെയും പരിചയപ്പെടുത്തുന്ന മുപ്പതോളം ലേഖനങ്ങളാണ് ശേഖരത്തില്‍ ഉള്ളത്. ഒരെഴുത്തുകാരനെ/കാരിയെക്കുറിച്ചും അവരുടെ ഫിക്ഷണല്‍ ലോകത്തെക്കുറിച്ചും പ്രസ്താവിച്ച ശേഷം അവരുടെ ഏറ്റവും കേള്‍വി കേട്ട കൃതിയെ സംഗ്രഹിച്ച് പറഞ്ഞ് ഉപസംഹരിക്കുന്ന രീതിയിലാണ് ലേഖനങ്ങളുടെ ഘടന. 


ക്രൈം ഫിക്ഷനില്‍ പ്രമുഖരായ ചില എഴുത്തുകാരെയും അവരുടെ കൃതികളെയും പരിചയപ്പെടാന്‍ ഇത്തരം സമാഹാരങ്ങള്‍ ഉപകരിക്കും എന്നതില്‍ സംശയമില്ല. നമുക്ക് പരിചിതരായ എഴുത്തുകാരെയും അവരുടെ ഫിക്ഷണല്‍ ലോകത്തെയും അവതരിപ്പിക്കുന്ന ലേഖനങ്ങള്‍ വായിക്കുമ്പോഴാണ് നമുക്ക് ലേഖനങ്ങളുടെ ഗുണം/ അവ കൊണ്ട് അവരെ വായിക്കാന്‍ പോകുന്നവര്‍ക്കുള്ള ഉപകാരം ഒക്കെ മാറ്റുരച്ച് നോക്കാന്‍ കഴിയുക.  അങ്ങനെ നോക്കുമ്പോള്‍ ചില ലേഖനങ്ങള്‍ ഗുണകരവും ചിലത് പൊട്ടെന്‍ഷ്യല്‍ വായനക്കാരെ  Repel ചെയ്യാനും സാധ്യതയുണ്ട്.  


സത്യത്തില്‍ നമ്മള്‍ വായിച്ച് ആസ്വദിക്കല്‍ ഒരു കാര്യവും അവയെക്കുറിച്ച് ഫലപ്രദമായി സംസാരിക്കലും രണ്ട് കാര്യങ്ങളാണ്. എന്നെ പഠിപ്പിച്ച പ്രൊഫസര്‍ സി കെ എം നല്ല രചനകളെക്കുറിച്ച്  രസകരമായി അവതരിപ്പിക്കാന്‍ വിദഗ്ധനായിരുന്നു. അദ്ദേഹം അതിന് സമ്മറി പറയുന്നതിനേക്കാള്‍  ചില കഥാപാത്രങ്ങളുടെ പ്രത്യേകതകളോ ചില ശ്രദ്ധേയമായ ഉദ്ധരണികളോ, അതുമല്ലെങ്കില്‍ ആ കൃതികളെക്കുറിച്ച് ആകര്‍ഷകമായ ചില നിരീക്ഷണങ്ങള്‍ നടത്തുകയോ ആയിരുന്നു ചെയ്യുക. പലതും ഉടന്‍ തന്നെ വായിക്കണം എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കും.  ഹെന്‍റി ഫീല്‍ഡിംഗിന്‍റെ ജോസഫ് ആന്‍ഡ്രൂസ് പഠിപ്പിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു, "  It was an age or  Stage-Coaches, Coach and Sixes, Ale- Houses and Inns".   Pickwick Papers നെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം സാം വെല്ലര്‍ എന്ന രസികന്‍ കഥാപാത്രക്കുറിച്ചും എപ്പോഴും ഉറങ്ങിപ്പോകുന്ന ജോ എന്ന തടിയന്‍ പയ്യനെക്കുറിച്ചും പറഞ്ഞു.  എച്ച് ജി വെല്‍സിന്‍റെ  Red Room  എന്ന ഹൊറര്‍ കഥ അദ്ദേഹം അതിന്‍റെ കഥയുടെ പ്രെമിസ് പറഞ്ഞു നിര്‍ത്തി. കാമ്യുവിന്‍റെ നായകന്‍ അമ്മ മരിച്ചതിനെക്കുറിച്ച് നിസംഗമായി പരാമര്‍ശിക്കുന്ന തുടക്കവും   അദ്ദേഹം വഴിയാണ് പരിചയപ്പെട്ടത്.  ക്രൈം ഫിക്ഷന്‍ അവതരിപ്പിക്കുമ്പോള്‍ കൂടുതല്‍ ആളുകളെ അതിലേയ്ക്ക് കൊണ്ട് വരാവുന്ന ടെക്നിക്കുകള്‍ ഉപയോഗിക്കാവുന്നതാണ്.  സ്പോയ്ലറുകള്‍ പറയാതെ തന്നെ ഉദ്വേഗജനകമായ പരിസരങ്ങള്‍  പറഞ്ഞ് നിര്‍ത്താവുന്നതാണ് . 


ഏതൊക്കെ പുസ്തകങ്ങളെക്കുറിച്ച് പറയണം എന്നതൊക്കെ അദ്ദേഹത്തിന്‍റെ ചോയ്സ് ആണ് . എങ്കിലും ക്രൈം ഫിക്ഷനെക്കുറിച്ച് പറയുന്ന ഒരു പുസ്തകത്തില്‍ അതികായനായ സിമനനെക്കുറിച്ച് ഒരധ്യായം അനുവദിച്ചില്ല എന്നത് ശരിയായില്ല എന്നാണ് എന്‍റെ അഭിപ്രായം. (ഫ്രെഡറിക്ക് ഡാര്‍ഡിനെക്കുറിച്ചുള്ള അധ്യായത്തില്‍ സിമനനെക്കുറിച്ച് പരാമര്‍ശം മാത്രമേയുള്ളൂ )  ഡാര്‍ഡിന്‍റെ വളരെ ഉദ്വേഗജനകമായ ഒരു നോവലാണ്‌ പി കെ ആര്‍ ഇവിടെ അവതരിപ്പിക്കുന്നത്, പക്ഷെ അതിന്‍റെ കഥാസംഗ്രഹം സത്യത്തില്‍ അങ്ങേയറ്റം  Elaborate ആയിപ്പറഞ്ഞ് അത് വായിക്കാനെടുക്കാന്‍ സാധ്യതയുള്ളവരെ  Repel ചെയ്യാന്‍ സാധ്യതയുണ്ട്.  റിപ്ലി പരമ്പര ഉള്‍പ്പടെ നിരവധി ശ്രദ്ധേയമായ ക്രൈം ഫിക്ഷന്‍ എഴുതിയ പട്രീഷ്യ ഹൈസ്മിത്തിനെയും പരാമര്‍ശിച്ചിട്ടില്ല.  റെയ്മണ്ട് ഷാന്‍ഡ്ലറുടെ  Big Sleep നെക്കുറിച്ചും പരാമര്‍ശമുണ്ടായില്ല. ( എങ്കിലും  Hard Boiled School ലെ മറ്റൊരു പ്രമുഖനും സമകാലികനുമായ  Dashiel Hammet നെക്കുറിച്ച് ഒരു അധ്യായമുമുണ്ട്) 


ഷെര്‍ലക് ഹോംസിനെക്കുറിച്ചും പൊയ് റോയെക്കുറിച്ചും ഒരു പാട് എഴുത്ത് നടന്നിട്ടുള്ളതിനാല്‍ ഒഴിവാക്കി മറ്റാരെയെങ്കിലും അവതരിപ്പിക്കാമായിരുന്നു എങ്കിലും ആ ലേഖനങ്ങള്‍ നല്ലതായിരുന്നു.  വില്‍ക്കീ കോളിന്‍സിന്‍റെ മൂണ്‍സ്റ്റോണിനെക്കുറിച്ചുള്ളതാണ് എന്ന് തോന്നുന്നു ഒരു പഴയ രചന.  ഹാരി ഹോള്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ യൂ നെസ്ബോയെയും സ്വീഡിഷ് സ്റ്റീഗ് ലാഴ്സന്‍ അങ്ങനെ ശ്രദ്ധേയമായ അഭാവങ്ങള്‍ ഉണ്ട്.  എങ്കിലും പരാമര്‍ശിക്കപ്പെടും എന്ന് ഞാന്‍ കരുതാതിരുന്ന ചിലതെല്ലാം ഇതില്‍ വന്നിട്ടുണ്ട്. ജോസഫൈന്‍ ടേ യുടെ  Daughter of Time, എച്ച് ആര്‍ എഫ് കീറ്റിംഗിന്‍റെ ഇന്‍സ്പെക്ടര്‍  ഘോട്ടെ നോവലുകള്‍ തുടങ്ങിയവ. 


ലെക്കാറെയുടെ  The Spy Who Came from the Cold, ഹിഗാഷിനോയുടെ  Suspect X, ബെന്റ്ലിയുടെ  ട്രെന്‍ഡിന്‍റെ അവസാനത്തെ കേസ്,  Arsen Lupin കഥകള്‍ അങ്ങനെ നിരവധി സുപ്രധാന പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ആകെ മൊത്തം ടോട്ടല്‍ പ്രയോജനപ്രദമാണ് പുസ്തകം. വിഷയം ക്രൈം ഫിക്ഷന്‍ ആയതിനാല്‍ ഏതെല്ലാം ഉള്‍പ്പെടുത്തിയാലും വായനക്കാരുടെ ടേയ്സ്റ്റ് അനുസരിച്ച് പോരാ പോരാ എന്ന് തോന്നുക സ്വാഭാവികമാണ്.  മലയാളത്തില്‍ ക്രൈം ഫിക്ഷന്‍ എഴുതുന്നവര്‍ തങ്ങള്‍ കൈവച്ചിരിക്കുന്ന മഞ്ഞുമലയുടെ ഗ്രാവിറ്റി മനസ്സിലാക്കാന്‍ ലോകക്രൈം ഫിക്ഷന്‍ പിന്തുടരണം എന്നാണ് എന്‍റെ തോന്നല്‍.



Tom and Huck's Howling Adventure: Further Adventures of Tom Sawyer and Huckleberry Finn


        ജനപ്രിയ സാഹിത്യത്തില്‍ ഫാന്‍ ഫിക്ഷന്‍ ( Fan Fiction)  എന്നൊരു  ഉപവിഭാഗമുണ്ട്. പ്രസിദ്ധി നേടിയ ഒരു നോവലിന്  ഒറിജിനല്‍ എഴുത്തുകാരന്‍റെ ശൈലി പുനര്‍സൃഷ്ടിച്ച് കൊണ്ട് മറ്റൊരാള്‍ സീക്വല്‍ എഴുതുക, പ്രസിദ്ധി നേടിയ കഥാപാത്രങ്ങളെ പുറത്തെടുത്ത് മറ്റൊരു നോവല്‍ എഴുതുക,  ഇങ്ങനെയുള്ള സാഹിത്യമെഴുത്തിനാണ് ഫാന്‍ ഫിക്ഷന്‍ എന്ന് പറയുന്നത് .  പ്രസിദ്ധരായ എഴുത്തുകാരുടെ നോവലും കഥാപാത്രങ്ങളും റഫര്‍ ചെയ്യപ്പെടുന്നത് കൊണ്ട് വിപണി സാധ്യതയും ഫാന്‍ ഫിക്ഷന്‍ തുറന്ന് തരുന്നു.  സിഡ്നി ഷെല്‍ഡന്‍ മരിച്ചുവെങ്കിലും അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളും പേരും ഉപയോഗിച്ച് ആ യൂണിവേഴ്സ് വിപുലപ്പെടുത്തിക്കൊണ്ട് രചനകള്‍ തുടര്‍ന്ന്‍ വരുന്നുണ്ട്. ഷെര്‍ലക് ഹോംസിനും ഡ്രാക്കുളയ്ക്കും മലയാളത്തില്‍ പോലും എത്രയോ ഫാന്‍ ഫിക്ഷന്‍ വന്നിരിക്കുന്നു.


        വായനയിലും എഴുത്തിലും ഒരു പോലെ താല്‍പര്യം ഉള്ളവര്‍ ചിലരെങ്കിലും തുടക്കകാലത്ത് അവര്‍ ആരാധിക്കുന്ന എഴുത്തുകാരുടെ കഥാപാത്രങ്ങള്‍ ഉപയോഗിച്ച് ഫാന്‍ ഫിക്ഷന്‍  എഴുതിയിട്ടുണ്ടാകാം. ഇഷ്ടപ്പെട്ട കഥാപാത്രങ്ങളുടെ ലോകം

                    ആളുകള്‍  എപ്പോഴും ഇഷ്ടപ്പെടുന്നു. അത് കൊണ്ടാണ് സിനിമാക്കാര്‍ക്ക് സീക്വലുകള്‍ ഒരു നിത്യഭ്രമം ആയിത്തീരുന്നത്. വായനയില്‍ എന്നെ വളര്‍ത്തി എടുത്തത് മാര്‍ക്ക് ട്വെയിന്‍റെ ഫിക്ഷണല്‍ ലോകമാണ്. എട്ടാം ക്ലാസില്‍ വച്ച് ആദ്യമായി ടോം സോയറിന്‍റെ ഒരു ഇല്ലസ്ട്രെറ്റഡ്  പുസ്തകം വായിച്ചതിന് എന്‍റെ സങ്കല്‍പലോകം ഏതാണ്ട് പൂര്‍ണമായും മിസ്സോറിയും മിസ്സിസ്സിപ്പിയും ജാക്സന്‍സ് ദ്വീപും ആയി മാറിയിരുന്നു. രാത്രി 

                ദ്വീപിന് ചുറ്റും  നിശബ്ദഗംഭീരമായി ഒഴുകുന്ന നദി,  തീക്കുണ്ഡം ഉണ്ടാക്കി അതിന് ചുറ്റും പൈപ്പും വലിച്ചിരിക്കുന്ന ടോമിന്‍റെയും ഹക്കിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെ ലോകം അത്ര പ്രലോഭനീയമായിരുന്നു.  ആ കാലത്ത് ജിമ്മിനെ കേന്ദ്രകഥാപാത്രമാക്കി ഫസ്റ്റ് പേഴ്സനില്‍ ഞാന്‍ "ജിമ്മിന്‍റെ യാത്രകള്‍" എന്നൊരു നോവല്‍ എഴുതിയിരുന്നു.  ഒരു അടിമ സംസ്ഥാനത്തിലെ ഒരു തോട്ടത്തില്‍ ഭാര്യയോടും രണ്ട് കുട്ടികളോടുമൊപ്പം കഴിഞ്ഞ് വന്നിരുന്ന ജിമ്മിനെ ന്യൂഓര്‍ലിയന്‍സിലേയ്ക്ക് വില്‍ക്കുന്നതും അവിടെ അടിമച്ചന്തയിലെ അനുഭവങ്ങളും പിന്നീട് ജിമ്മിനെ വാങ്ങുന്ന മിസ്‌ വാട്സനോണോടൊപ്പം മിസ്സോറിയില്‍ എത്തുന്നതും അവിടെ വച്ച് ടോം സോയറിന്‍റെയും ഹക്ക്ള്‍ബെറി ഫിന്നിന്‍റെയും ഫിക്ഷണല്‍ ലോകവുമായി ഒന്നിച്ച് ചേരുന്നതും  മറ്റുമായിരുന്നു കഥ. എന്നാല്‍  Standalone  ആയി വായിക്കാവുന്നത് പോലെ. ഹക്ക്  കൊല ചെയ്യപ്പെടുന്നു എന്ന വാര്‍ത്ത പരക്കുന്നതോടെ ആ കുറ്റം ജിമ്മിന്‍റെ മേല്‍ ആരോപിക്കപ്പെടുന്നത് വഴി ഒരു ത്രില്ലര്‍ പ്ലോട്ട് രൂപപ്പെട്ട് വരാനുള്ള സാധ്യത മാര്‍ക്ക് ട്വെയ്ന്‍ തന്നെ തുറന്നിടുന്നുണ്ടായിരുന്നു. ഈ കോണ്‍സേപ്റ്റ് മോശമാണ് എന്ന് ഇപ്പോഴും അഭിപ്രായമില്ല. എങ്കിലും ഒരു പ്രീഡിഗ്രിക്കാരന്‍റെ മലയാളം ഭാഷ വളരെ അമച്വര്‍ ആയിരുന്നു. 


                    മാര്‍ക്ക് ട്വെയ്ന്‍ യൂണിവേഴ്സിനോടുള്ള താല്‍പര്യവും എനിഡ് ബ്ലിട്ടന്‍റെ ഫെയ്മസ് ഫൈവ് സീക്രട്ട് സെവന്‍ ലോകത്തോടുള്ള ആരാധനയും ചേര്‍ത്ത് മിസ്സിസ്സിപ്പിയുടെ പശ്ചാത്തലത്തില്‍ "ടോം ഹോക്കിന്‍സ്" എന്നൊരു സ്വതന്ത്രനോവലും ആ കാലത്ത് എഴുതിയിട്ടുണ്ട്. ആ എഴുത്തിന്‍റെ ചില കഷണങ്ങള്‍ ചില പഴേ നോട്ട്ബുക്കുകളില്‍ ഇപ്പോഴുമുണ്ട്. പ്ലോട്ടിന്‍റെ കാര്യത്തില്‍ ഇപ്പോഴും ലജ്ജയില്ല എങ്കിലും ഒരു കുട്ടിയുടെ എഴുത്തിന്‍റെ അമച്വര്‍ സ്വഭാവം കൊണ്ട് ഭീകരബോറായി തോന്നുന്നു. അക്കാലത്ത് അനാവശ്യമായി പ്രശംസിക്കാന്‍ ആരുമില്ലാതിരുന്നത് കൊണ്ട് അതൊക്കെ പ്രസിധീകരിക്കാതിരുന്നത് എന്ത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു.  നമ്മള്‍ രൂപപ്പെട്ട് വരുന്നതിന് മുന്‍പ് നമ്മുടെ വര്‍ക്ക് പുറത്ത് വരാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. ഇപ്പോള്‍ പ്രസിദ്ധീകരിച്ച് വരുന്ന പല നോവലുകള്‍ക്കും ഇങ്ങനെ എഴുതിതുടങ്ങുന്ന കാലത്ത് എഴുത്തുകാര്‍ക്ക് കാണുന്ന അമച്വറിസമാണ് കാണുന്നത്. 


            ഫാന്‍ ഫിക്ഷനെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കാന്‍ കാര്യം മാര്‍ക്ക് ട്വെയ്ന്‍ യൂണിവേഴ്സ് തുടര്‍ന്ന്‍ കൊണ്ട്  Tim Champlain  എഴുതിയ  Tom and Huck's Howling Adventure: Further Adventures of Tom Sawyer and Huckleberry Finn  എന്ന നോവല്‍ വാങ്ങാനിടയായത് കൊണ്ടാണ്. അവസാന കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകളിലേയ്ക്ക് വീണ മാര്‍ക്ക് ട്വെയ്ന്‍ തന്നെ ടോം-ഹക്ക് കഥകള്‍ യൂണിവേഴ്സ് വലുതാക്കി സ്വയം "ഫാന്‍ ഫിക്ഷന്‍" എഴുതിത്തുടങ്ങിയിരുന്നു.  Tom and Huck Among Indians  എന്നൊരു പുസ്തകം ഏതാനും അദ്ധ്യായങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.   Tom Sawyer Abroad (1891)   Tom Sawyer Detective (1895)  എന്നിവ പൂര്‍ത്തിയാക്കിയവയാണ് .  Tom Sawyer's Conspiracy  എന്നൊരു ലഘു നോവലും കൂടി  Nearly   Complete  ചെയ്തിട്ടുണ്ട്.   Tim Champlain  എഴുതിയ നോവല്‍ മാര്‍ക്ക് ട്വെയ്ന്‍ ശൈലിയില്‍ തേഡ് പേഴ്സനില്‍ ടോമിന്‍റെയും ഹക്കിന്‍റെയും പുതിയ സാഹസികതകള്‍ പറയുന്നു. പുതിയ കാലത്ത് നിന്നൊരു കുട്ടി കോമയില്‍ വീഴുകയും അവന്‍ മിസ്സോറിയില്‍ ടോം സോയറിന്‍റെയും ഹക്ക്ള്‍ബെറി ഫിന്നിന്‍റെയും ജിമ്മിന്‍റെയും സര്‍ക്കിളില്‍ എത്തിപ്പെടുകയും അവരോടൊപ്പം സാഹസികതയില്‍  പങ്കാളിയാകുന്നതുമാണ് നോവലിന്‍റെ പ്രമേയം.

        ഈ ടൈം ട്രാവല്‍ പ്രമേയവും ഒരു മാര്‍ക്ക് ട്വെയ്ന്‍ മേഖല തന്നെയാണ് എന്നത് കൊണ്ട് ഈ ഫാന്‍ ഫിക്ഷന്‍  Essentially ഒരു മാര്‍ക്ക് ട്വെയ്ന്‍ സ്റ്റഫ് തന്നെയായിരിക്കുന്നു. (  മാര്‍ക്ക് ട്വെയ്ന്‍റെ 

        A Connecticut Yankee in King Arthur's Court  എന്ന നോവലില്‍ തലയ്ക്ക് അടി കിട്ടുന്ന ഒരു കൊല്ലന്‍ ടൈം ട്രാവല്‍ ചെയ്ത് പത്തൊന്‍പതാം നൂറ്റാണ്ടിലെ അമേരിക്കയില്‍ നിന്ന് ആര്‍തര്‍ രാജാവിന്‍റെ സദസ്സില്‍ എത്തുന്ന കഥയുണ്ട്)  വീണ്ടും നമ്മള്‍ ജാക്സസന്‍സ് ദ്വീപിലെ സ്വച്ഛതയില്‍ മടങ്ങിയെത്തുന്നു. പണ്ട് ഹക്ക്ള്‍ബെറി ഫിന്നിന്‍റെ ഒടുവില്‍ പ്ലാന്‍ ചെയ്തത് പോലെ റെഡ് ഇന്ത്യന്‍ ടെറിറ്ററികളില്‍ സാഹസികതകള്‍ക്ക് പോകാം എന്നവര്‍ പരിപാടിയിടുന്നു. പുതിയ കഥാപാത്രങ്ങള്‍ രംഗപ്രവേശം ചെയ്യുന്നു..

    മാര്‍ക്ക് ട്വെയ്ന്‍റെ മിസ്സിസ്സിപ്പി യൂണിവേഴ്സ് ഇഷ്ടപ്പെടുന്നവര്‍ക്ക് രസകരമായ വായനയായിരിക്കും ഈ പുസ്തകവും അതിന്‍റെ തുടര്‍ച്ചകളും. 

    ഒറിജിനല്‍ വിശുദ്ധമാണ്  എന്ന് കരുതുന്ന, ഒറിജിനലിനെ നശിപ്പിച്ചു എന്ന് തൊട്ടതിനും പിടിച്ചതിനും മുറവിളി കൂട്ടുന്ന കേരളത്തിലെ ആസ്വാദകര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല ഫാന്‍ ഫിക്ഷന്‍.  എങ്കിലും വായന "ഫണ്‍" ആയിരിക്കുന്നവര്‍ എപ്പോഴും ഫാന്‍ ഫിക്ഷന്‍ എഴുതുകയും വായിക്കുകയും ചെയ്യുന്നു.

No comments:

Post a Comment

  Book Review Contest -2024        Instructions: Review ചെയ്യാൻ നിങ്ങൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാം. (Irrelevant ആയതോ/common ആയി ...