Reviews by Jayafarali Alichethu

സ്കാനർ: സ്ത്രീസംഘർഷങ്ങളുടെ കഥാപരിസരവായന






 ഡോ. അസ്മ അൽ കത്വിബി; യു.എ.ഇ സാഹിത്യത്തിൽ സജീവ സാന്നിധ്യമായ, ബ്രട്ടൻലിവർപൂൾ യൂനിവേഴ്സിറ്റിയിൽ നിന്ന് ജിയോളജിയിൽ ഗവേഷണം പൂർത്തിയാക്കിയ എഴുത്തുകാരി. 2004 പുറത്തിറങ്ങിയ കഥാസമാഹാരം 'സ്കാനറിന്' മികച്ച പ്രതികരണമാണ് ലഭിച്ചത്. ഷാർജ അറബി സർഗ രചനാ അവാർഡ് നേടിയ കൃതി ഡി.സി ബുക്സിനായി മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത് പത്രപ്രവർത്തകനും, യു.എ.ഇ പോസ്റ്റൽ ഡിപാർട്ട്മെൻ്റ് ജീവനക്കാരനുമായ അബ്ദു ശിവപുരം.

'റുബുൽ ഖാലി' എന്ന മണലാരിണ്യ നിശബ്ദത കവർന്നെടുത്ത ഭൂപ്രകൃതിയാൽ രൂപപ്പെട്ട ഒരിടം. മനുഷ്യവാസത്തിന് അറേബ്യൻ - ഒമാൻ കടലോരങ്ങളിൽ ദാനമായി ലഭിച്ച 700 കിലോമീറ്ററുകൾക്കുള്ളിൽ കടൽ ഉപജീവന മാർഗ്ഗമായി ജീവിക്കുന്ന തീരവാസികൾ. കടലിനും - മരുഭൂമിക്കുമിടയിലെ തുരുത്തിൽ ജീവിതം നെയ്തെടുക്കേണ്ടി വന്ന ബദവി ജനതയുടെ സംസ്കാരത്തിനെ അടയാളപ്പെടുത്തുന്ന സാഹിത്യ വളർച്ച മനസ്സിലാക്കേണ്ടത് തന്നെയാണ്.

എക്കാലത്തേഴും, ഏത് അറബ് സമൂഹത്തേയും പോലെ സാഹിത്യമെന്നാൽ കവിതകളാൽ തളിർക്കുന്ന വരണ്ട ഭൂമിയായിരുന്നു യു.എ.ഇയും. 1971 ൽ ഏഴ് എമിറേറ്റ്സുകളെ ചേർത്തുവെച്ച് (ദുബൈ, അബൂദബി,ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റഅസുൽ ഖൈമ, ഫുജൈറ) ശൈഖ് സഈദ് ബ്ന് സുൽത്താൻ അൽ നഹ്യാനെന്ന ദീർഘവീക്ഷകനാൽ സ്വാതന്ത്ര്യവും, സുശക്തമായ യു.എ.ഇ എന്ന രാഷ്ട്രം രൂപപ്പെടുന്നു. മുബാറക് അൽ ഉഖൈൽ (1880- 1954), സാലിമിബ്ൻ ഉവൈസ് (1887- 1959), അഹ്മദ് ബിൻ സുലൈം (1905-76) സഹർ അൽ കാസിമി (1925-93) സുൽത്താൻ ഇബ്ൻ അലി ഉവൈസ് (1925-2000) അടക്കമുള്ള പ്രശസ്ത കവികളിലൂടെ ഈ  നാട് ലോകസാഹിത്യ ഭൂപടത്തിലേക്ക് എത്തി നോക്കി. എണ്ണയും, യൂണിവേഴ്സിറ്റി ഓഫ് യു.എ.ഇ സ്ഥാപനവുമൊക്കെ ആധുനികതയിലേക്കുള്ള ഈ മരുത്തുരുത്തിൻ്റെ മുഖ മാറ്റത്തിന്റെ ഹേതുവായി എന്ന് മനസ്സിലാക്കാം. ഇതിൽ വലിയ സാധ്യതകണ്ടെത്തിയത് യു.എ.ഇയിലെ സ്ത്രീ സമൂഹമായിരുന്നെന്നത് അതിലേറെ ആവേശം ഉണ്ടാക്കുന്നു. "എഴുത്തുകാരെക്കാൾ, എഴുത്തുകാരികളുള്ള നാടെന്ന" വിശേഷണം അവതാരികയിൽ വിശേഷിപ്പിച്ചപോൽ സാഹിത്യ ചരിത്രത്തിലും ദർശിക്കാനാവുന്നു.

ഗദ്യരചനയിൽ ഈ ആധുനിക ജീവിത പരിസരം വലിയ സ്വാധീനം ചെലുത്തിയത് കാണാനാവും. പുരുഷ നോവലിസ്റ്റുകളെപ്പോലെ സ്ത്രീ എഴുത്തുകാരും വിശ്വ പ്രസിദ്ധരാണെന്നതാണ് വാസ്തവം. സുദീർഘ രചനകൾ പോലെ ലഖു രചനകൾ (കഥ എഴുത്ത്) ഈ സംസ്കൃതിയെ കൃത്യമായി അടയാളപ്പെടുത്തുന്നു. നോവലെഴുത്തുകാരായ മുഹമ്മദ് അയ്യാശ്, അബു രീശ്, കരീം മഉതൂബ്, മുഹമ്മദ് മുർപോലെ തന്നെ അംഗീകാരം നേടിയവരാണ് സാറാ അൽ ഹർവാൻ, അമീന അബ്ദുള്ള, സൽമ മത്വർ സൈഫ്, മറിയം ഫറജ്, ശൈഖ് നാഹിയെപ്പോലുള്ള. സാഹിത്യകാരികൾ.

ഏതൊരു സാഹിത്യ പ്രതലത്തിലും ദർശിക്കാനാവുന്ന പുരുഷ മേൽക്കോയ്മകളോടുള്ള നിരന്തര സംഘർഷങ്ങൾ തന്നെയാണ് യു.എ.ഇ പെണ്ണെഴുത്തുകളുടെയും പൊതു സ്വഭാവം. പുരുഷാധികാരത്തോടുള്ള വിയോജിപ്പുകളെ അതി തീക്ഷണ വാക്കുകളിലൂടെ അവർ പ്രകടമാക്കി കൊണ്ടിരിക്കുന്നു. പുരുഷാധിപത്യം, വിവാഹപ്രായാന്തരങ്ങൾ, ദുർബലമാക്കപ്പെടുന്ന കുടുംബ ബന്ധങ്ങൾ, സ്ത്രീ വൈവാഹിക കുടിയേറ്റങ്ങൾ, പാരമ്പര്യ മൂല്യ വ്യതിയാനങ്ങൾ, തൊഴിൽ മേഖലയിലെ വിദേശ വത്കരണങ്ങളടക്കം ധാരാളം വിഷയങ്ങൾ നിരന്തരം ഇത്തരം രചനകളുടെ മുഖ്യ അവലംബമാകുന്നു.

ആധുനിക യു.എ.ഇയുടെ സാംസ്കാരിക പ്രാധിനിത്യമായി മാറുന്നത്, രാജ്യത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിനായി പാശ്ചാത്യ ലോകങ്ങളിലേക്ക് ചേക്കേറി സാഹിത്യാനുഭവങ്ങൾ നേടിയവരൊ, അതിൻ്റെ സ്വാധീനമുൾക്കൊണ്ട് എഴുത്തുകൾ പങ്കുവെക്കുന്ന പുതു തലമുറയാണെന്ന് പറയാം. മർയം സാഇദി, ഇബ്തിഷാം റൗള ബലൂശി, ഫാത്തിമ മർസൂഇ തുടങ്ങിയവർ ഇത്തരത്തിൽ സജീവത നിലനിർത്തുന്നവരാണ്. അസ്മയുടെ രചനകളും ഇത്തരം നവീന ആശയപരിസരത്തു നിന്ന് അറബ് സംസ്കൃതിയുടെ സമ്പുഷ്ടത അയവിറക്കുന്നതായി തോന്നും.

തന്നിലെ വിശ്വാസമൂല്യങ്ങളെ മുൻനിർത്തി കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ഏതൊരു വായനക്കാരനും അനുഭവിക്കാം. അറബ് സംസ്കൃതിയുടെ ഉള്ളറകൾ കാപട്യത്തിൻ്റെ മുഖ മക്കനയാൽ മറച്ചിടുന്നതിലുള്ള അവരുടെ വിയോജിപ്പ് ഓരോ കഥകളിലും കണ്ടെത്താനാവും.

Dr. അസ്മ അൽ കത്വിബിയുടെ 'സ്കാനർ' വ്യത്യസ്ഥ വിഷയ തന്തുവിനാൽ നെയ്തെടുത്ത പതിനൊന്നു കഥകളുടെ സമാഹാരമാണ്. സ്വപ്നത്തിലൂടെ തൻ്റെ മരണം ദർശിക്കുന്ന അനുഭവത്തിലൂടെ ജീവിത കാല ചെയ്തികളിലേക്കും, ബന്ധങ്ങളുടെ ആഴങ്ങളിലേക്കും ഇറങ്ങി ചെല്ലുന്ന 'ഞാൻ മൃതശരീരമായപ്പോൾ സംഭവിച്ച'തിൽ തുടങ്ങി. അധ്യാപിക ജീവിതത്തിലെ അനുഭവസാക്ഷ്യം പോൽ എഴുതിപ്പറഞ്ഞ പിതാവിനാലും, മാതുലനാലും ശാരീരിക പീഢനമേറ്റ് സ്വയം ഹുതിയെക്കുറിച്ചോർത്ത് അസ്വസ്ഥപ്പെടുന്ന പെൺകുട്ടിയുടെ ദയനീയത വരച്ചുകാട്ടുന്ന 'ചെന്നായ്ക്കൾ' വരെ എത്തുന്നു.

മരണത്തിലൂടെ ജീവിതകാലത്തേക്കുള്ള ഒരവലോകനത്തിൽ തുറക്കുന്ന സമാഹാരം, സംരക്ഷകരിൽ നിന്ന് തന്നെ അക്രമമേറ്റു വിധിക്കു മുന്നിൽ തലയറുക്കപ്പെടുന്ന വിദ്യാർത്ഥിനി അവശേഷിപ്പിക്കുന്ന വ്യഥകളാൽ വായന അവസാനിപ്പിക്കാൻ നിർബന്ധിതരാവുന്നു.

വിവാഹിതനും, പിതാവുമായ ഒരാൾ സഹപ്രവർത്തകയെ വിവാഹം കഴിക്കാൻ വയറു കുറക്കാനുള്ള ഒപറേഷന് വിധേയമാകുന്നതും, അതിലൂടെ മരണപ്പെടുന്നതും, മരണാനന്തര ചുറ്റുപാടുകളിൽ കാണുന്ന കാഴ്ചകളുമായി വികസിക്കുന്ന സ്വപ്നമാണ് 'ഞാൻ മൃതശരീരമായപ്പോൾ സംഭവിച്ച'തിൻ്റെ കഥാ പശ്ചാതലം.

'സ്കാനർ', സമാഹരത്തിൻ്റെ തലക്കെട്ടായ കഥയിൽ, രഹസ്യ ഫോൺ സംഭാഷണത്തിലേക്ക് കാതു കൂർപ്പിച്ചിരിക്കുന്ന ഒരാളെയാണ് കാണാനാവുന്നത്.  അപരിചിതരുടെ പ്രണയ സംഭാഷണ ചോർത്തി കേൾക്കുന്നതിലൂടെ ആനന്ദം കണ്ടെത്തുന്നതാണ് കഥാ വികാസം. പകൽ വിളികൾക്ക് രാത്രിയെപ്പോലെ രസകരമല്ലെന്നും, മടുപ്പുളവാക്കുന്നതാണെന്നും, ചെറുതും, പെട്ടെന്ന് അവസാനിക്കുന്ന കോളുകളായിരിക്കുമെന്ന നിരീക്ഷണം ആകർഷിച്ചു. പ്രേമത്തിനായി കാമുകനെ തേടി വരുന്ന സ്ത്രീ ശബ്ദമാണ് കഥയുടെ പ്രധാന ചർച്ച. അവരുടെ പ്രണയം ഏതു വരെ എന്ന ചോദ്യവും, കട്ടിലുവരേയോ ?, കുറച്ചു വിദൂരത്ത് വിവാഹം വരേയോ ? എന്ന ചിന്തയും. ചിലപ്പോൾ വിവാഹം പ്രേമത്തെ കൊന്നേക്കാം എന്ന ചിന്തയുമൊക്കെ ചുരുങ്ങിയ സമയം കൊണ്ട് വലിയ ആലോചന നൽകുന്നു. മറ്റുള്ളവരുടെ സ്വകാര്യതകളിൽ കടന്നു കയറി ഭാവനാത്മകമായ ചിന്തകളാൽ വക്രീകരിക്കപ്പെടുകയും, പിന്നീട് അതിൽ നിന്ന് ദൈവത്തോട് രക്ഷതേടുകയും ചെയ്യുന്നത് കഥയാണോ? എഴുത്തുകാരിയാണോ എന്ന് മനസ്സിലാക്കാനാവുന്നില്ല!

യൂസഫ് അൽഫൈൻ എന്ന കഥ മറ്റുള്ളവരുടെ വ്യക്തിസ്വകാര്യതയിലേക്ക് എത്തി നോക്കുന്നവരുടെ വിശേഷണമാണ്. താമസിക്കുന്ന ഫ്ലാറ്റിനടുത്തുള്ള സ്ത്രീകളുടെ സ്വകാര്യത വകഞ്ഞു നോക്കാനുള്ള ശ്രമം. അയൽവക്കത്തുള്ളവൾ തൻ്റെ പ്രണയിനിയാണെന്ന ഭാവം. പിന്നീട് വരുന്ന ഫോൺ കോൾ ശബ്ദത്തെ പിന്തുടർന്ന് വികസിക്കുന്നതാണ് കഥ. അവളുടെ ഫോൺ സംഭാഷണവും, കാമുകൻ ഉപേക്ഷിച്ചതിൻ്റെ ഏറ്റു പറച്ചിലുകളുമെല്ലാം. പ്രണയത്തിന് സമർപ്പിച്ചവളും, അവളെ വെറുമൊരു പുതു രുചിയേകും പലഹാരവുമായി കാണുന്ന കാമുക വഞ്ചനയുമെല്ലാം വിവരിക്കുന്നു. " എല്ലാ ദിവസവും വൈകുന്നേരത്തെ ചായയോടൊപ്പം പതിവായി കഴിച്ച് വരുന്ന മറ്റനേകം പലഹാരങ്ങളിൽ നിന്ന് വ്യത്യസ്ഥമായ ഒന്ന്" മാത്രമായിട്ടാണ് പുരുഷൻ സ്ത്രീയെ കാണുന്നതെന്ന പരിഭവം.
അവസാനം സീരിയൽ കഥാപാത്രമായി മാറിയ ആ പ്രണയം പുരുഷന്മാരെ വഞ്ചകരായും, സ്ത്രീ ചരിത്രാതീതം മുതൽ സത്യ ശോഭയിൽ വിളങ്ങി നിൽക്കുന്ന നിർമല സൃഷ്ടിയായും വരച്ചുകാണിക്കുന്നു.

അഹ്മദ് അസ്വാദിഖ് അൽ അമീൻ അൽ കസാഖിസ്താനി; എന്ന കഥ, അഹ്മദ് എന്ന നായകനിലേക്ക് ആകൃഷ്ടയായ ഭാര്യ മദാവിയുടെ പ്രണയം വിവരിക്കുന്നു. പ്രണയവും, വിവാഹവും, ദാമ്പത്യ മാധുര്യവുമെല്ലാം കൂടി മെഴുക്കിയെടുക്കുന്ന വരികൾ. മൂന്ന് മാസത്തോടെ രണ്ടിടങ്ങളിലായവർക്കിടയിൽ അകൽച്ച ഉണ്ടാകുന്നു. കോളുകൾ കുറയുകയും, മദ്യപാനത്തിൽ, പരസ്ത്രീ ബന്ധത്തിലെല്ലാം ആനന്ദം കണ്ടെത്തുന്ന അഹ്മദ്. എന്നിട്ടും അവനിൽ വിശ്വാസം അർപ്പിക്കുന്ന മദാവി വിശ്വസിക്കുന്നത്, " മത്സ്യത്തെ പോലെ അവൻ കുടിക്കും, ചില്ല പോലെ അവൻ ലഹരിയിൽ ആടും, പക്ഷെ, അവനൊരിക്കലും കളവ് പറയില്ല" എന്നാണ്. ഇടക്ക് അവളെ വിശ്വാസത്തിലെടുക്കാൻ അഹ്മദ് നടത്തുന്ന സ്നേഹസംഗമങ്ങൾ, തിരിച്ചയാൾ സ്വന്തം ഫ്ലാറ്റിലെത്തിയാൽ പഴയ പോലെയാവും. മദ്യപാനവും, പുകവലിയും പല്ലുകൾ ദ്രവിപ്പിച്ചു, വേദനസംഹാരിയിൽ അഭയം തേടുന്ന അവൻ്റെ കഷ്ടതയോർത്ത് രാത്രി തന്നെ കാർ യാത്ര നടത്തി എത്തുന്നു. അഹമദിൻ്റെ ഫ്ലാറ്റിന് മുന്നിൽ പല ശ്രമങ്ങൾക്ക് ശേഷം അവനെ കാണാനാവുന്നു. വീട്ടിനകത്ത് കയറ്റാതെ അവളെ വിശ്വസത്തിലെടുക്കാൻ ശ്രമം. ആ പരിശ്രമത്തിൽ വിജയിക്കാനും, അവളെ തിരിച്ചയക്കാനുമായതിൽ സന്തോഷം. എന്നാൽ തൻ്റെ സ്ത്രീത്വത്തെ കേവല ഭോഗവസ്തുവായി കാണുന്നവൻ്റെ കപടത തുറന്ന് കാണിക്കാൻ അവൾ വിജയിക്കുന്നതോടെ കഥ അവസാനിക്കുന്നു.

ഗാനം എന്ന കഥ നൽകുന്നത് നവദമ്പതികളുടെ വിരഹത്തിൽ ഉഴറുന്ന കൗമാരക്കാരിയുടെ വ്യഥകൾ. 10 വർഷത്തോളം മനോഹരമായി കൊണ്ടാടിയ ദാമ്പത്യവും, സന്താന സൗഭാഗ്യവും. ഇടക്ക് കയറി വരുന്ന ദുരന്തമായി ഭർത്താവിൻ്റെ രണ്ടാം വിവാഹവും അകൽച്ചയും. മൂന്ന് മാസത്തെ പുതു വിവാഹ ആനന്ദം, ബന്ധം വഷളാകൽ, ആദ്യ ഭാര്യയുടെ അടുത്തേക്ക് മടങ്ങി വരാനുള്ള പരിശ്രമങ്ങൾ അതിനോട് അവൾക്കുള്ള വിയോജിപ്പ്. അവളുടെ ഭാഷയിൽ പറഞ്ഞാൽ; "സ്നേഹത്തിൻ്റെ പത്ത് വർഷങ്ങളെ നശിപ്പിച്ച അത്യാഗ്രഹത്തിൻ്റെ ഒരു നിമിഷം, അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഏക സ്ത്രീ ഞാനാണെന്ന് ആ സംഭവത്തിന് ശേഷം കരുതാൻ എനിക്കാവുന്നില്ല.അദ്ദേഹത്തിൻ്റെ ആ പ്രവൃത്തി നെടുകെ കീറിയ കടലാസു പോലെ ആക്കിയിരിക്കുന്നു, ഞങ്ങളുടെ ജീവിതം, പശ തേച്ച് ഒട്ടിക്കാൻ നോക്കിയിട്ടും ഒട്ടുന്നില്ല".

"അദ്ദേഹത്തെ സ്നേഹിച്ച് സ്നേഹിച്ച് ഞാൻ മരിക്കും, രണ്ടു വർഷം മുമ്പുതന്നെ അദ്ദേഹം എന്നെ കൊന്നിട്ടുണ്ടെങ്കിലും" എന്ന ഒറ്റ വാചകം മതി ഒരുവനെ ആത്മാർത്ഥമായി സ്നേഹിക്കുന്നവളെ വഞ്ചിക്കുമ്പോൾ അവൾ എന്താണെന്ന് ബോധ്യമാകാൻ. പ്രതീക്ഷകൾ തകർത്തിട്ടും, അവനോട് വിയോജിപ്പുണ്ടായിട്ടും അവനെ വെറുക്കാനാവാതെ മരണം വരെ സ്നേഹിക്കുമെന്ന് പ്രതിജ്ഞ എടുത്ത പെണ്ണിനോളം മാഹാത്മ്യം മറ്റെന്തിനുണ്ട്!.

'മർയം' എന്ന കഥയിൽ പിതാവിനാൽ ബലാൽസംഗം ചെയ്യപ്പെട്ടു ഭ്രാന്തിയാകേണ്ടി വന്ന യുവതിയെ ചിത്രീകരിക്കുന്നു. വിചാരണ ജഡ്ജിയോട് ആ അധമൻ ചോദിക്കുന്ന ചോദ്യം മതി മനുഷ്യരാശിയുടെ ചരിത്ര മഹാത്മ്യങ്ങളെ വ്യഭിചരിക്കുന്നതിന്. " മകളെ വിവാഹം ചെയ്യാനൊക്കുമോ" എന്ന പ്രകമ്പനം കൊള്ളുന്ന അലറൽ, ഹൃദയത്തിലുണ്ടാക്കുന്ന മുറിവ് എത്രത്തോളമെന്ന് നിർവ്വചിക്കാവുന്നതല്ല. കണ്ണിന് വൈകല്യമുള്ള യുവതി വിവാഹ ജീവിതത്തിന് പെട്ടെന്ന് അന്ത്യം കുറിക്കപ്പെടുന്നതും, പ്രായമായ വല്യുമ്മക്കൊപ്പം താമസിക്കുന്നതിനിടയിൽ പിതാവിനടുത്തെത്തുന്നതും പീഡിപ്പിക്കപ്പെടുന്നതും. ഒറ്റക്കണ്ണി എന്ന ന്യൂനതക്കൊപ്പം, വിവാഹമോചിത, പിതാവിനാൽ ബലാൽസംഗം ചെയ്യപ്പെട്ടവൾ എന്ന ന്യൂനതകൾ കൂടി മറിയമിൽ ചാർത്തപ്പെടുന്നു. തൻ്റെ സൗന്ദര്യത്തിൻ്റെ പ്രതീകമായിരുന്ന മുടി മുറിച്ചാണവൾ പിതാവിനോട്  വിപ്ലവം പ്രഖ്യാപിച്ചത്." അവൾ അയാളെ കൊന്നില്ല, പക്ഷേ അവൾ സ്വന്തം ബുദ്ധിയെ കൊന്നു", എന്ന ശക്തമായ പ്രഖ്യാപനം മതിയാകും അസ്മയുടെ ചിന്തയുടെ കലഹ തീവ്രതയളക്കാൻ.

രഹസ്യഭാഷണം, പ്രണയവും, പ്രാർത്ഥനയും ഇടകലർന്ന ഒരാത്മാംശമുള്ള കഥ. ബാല്യത്തിൽ തൻ്റേതെന്ന് പറഞ്ഞ് കൊതിപ്പിച്ചവൾ വിവാഹിതയായെന്ന വിവരം അറിയുന്നതോടെ ജീവിത താളം തെറ്റുന്ന യുവാവ്. പിന്നീട് ദൈവീക സാമീപ്യം മാത്രം ആഗ്രഹിച്ച് ആരാധനയുടെ അമൂർത്തതലങ്ങളിൽ കഴിച്ചുകൂട്ടുന്നു. എന്നാൽ രണ്ട് വർഷത്തിന് ശേഷം വിവാഹമോചിതയായ കാമുകിയെ വിവാഹം ചെയ്യാൻ, നഷ്ടപ്പെട്ട യുവത്വ പ്രസരിപ്പ് വീണ്ടെടുത്ത് ഉമ്മയുടെ സമ്മതത്തിനായി അനുവാദം ചോദിക്കുന്നു. എന്നാൽ വിവാഹമോചിതയെ വരിക്കുന്നതിനോട് തടസ്സം പറയുന്നതോടെ ആത്മീയതയിലേക്കഭയം പ്രാപിക്കുന്നു. ദൈവാരാധനയിൽ കാപട്യം അനുഭവപ്പെടുന്നതും, തൻ്റെ ആഗ്രഹ സഫലീകരണം പൂർത്തീകരിക്കാൻ ദൈവത്തോട് അഭ്യർത്ഥിക്കുന്നതിൽ സങ്കോചം തോന്നുന്നു. തൻ്റെ ആത്മീയ ദൗർബല്യങ്ങളാലാണ് പ്രാർത്ഥനകൾക്കുത്തരം ലഭിക്കാത്തതെന്ന ആത്മസംഘർഷത്തിലേക്ക് വഴുതിപ്പോകുന്നു. പ്രണയ നൈരാശ്യവും, പ്രപഞ്ചനാഥനിലേക്കുള്ള ആത്മീയ മടക്കവുമെല്ലാം ആഴത്തിൽ സ്പർശിക്കുന്ന രചന. ഒടുക്കം പ്രാർത്ഥന പോലെ രണ്ടാം വിവാഹമോചനം തേടിയ കാമുകിയെ വിവാഹം കഴിക്കാൻ മതാവിൻ്റെ സമ്മതവും, വിവാഹനാളിനൊരുങ്ങാനുള്ള യാത്രയിൽ സംഭവിക്കുന്ന അപകടത്തിൽ പ്രണയിനി അബോധാവസ്ഥയിലാകുന്നെതുമെല്ലാം വല്ലാതെ വായനക്കാരനിൽ നൊമ്പരം തീർക്കുന്നു. പ്രാർത്ഥനയിൽ അഭയം തേടി അവളുടെ ആരോഗ്യത്തിനായി തേടുന്നതും, അവസാനത്തിൽ അവൾ രോഗമുക്തി നേടുന്നതുമെല്ലാം വല്ലാത്തൊരനുഭൂതി നിറക്കുന്നു.

വല്യുമ്മയുടെ മരണ നിമിഷങ്ങളെ സന്ദർഭം വരച്ചിടുന്ന 'ആ നാലു മണിക്കൂർ' മറ്റൊരു തലത്തിലേക്കാണ് വായനയെ എത്തിക്കുന്നത്. പേരമകളുടെ ചിന്തകളിലൂടെ ഒരു മരണത്തെയും, മരണാനന്തര ക്രിയകളുടേയും പൂർത്തീകരണം കാണാനാവും.

അജ്ഞാത കവിക്കൊരു സന്ദേശം; ഹൃദയത്തിൽ വിരിയുന്ന പ്രണയത്തെ അജ്ഞാതമായി പകരാനുള്ള പരിശ്രമത്തെ കാണിക്കുന്നു.സഹപ്രവർത്തകനോടു തോന്നുന്ന പ്രണയം, പ്രണയ ദിന സന്ദേശമായി നൽകുന്നതിൻ്റെ വഴികൾ തേടുന്നതും, പുതിയ ഹോട്ട് മെയിൽ ഐഡി ഉണ്ടാക്കി സന്ദേശം അയക്കുന്നതിനും തീരുമാനിക്കുന്നു. എന്നാൽ പുതിയ മെയിലിൽ വരുന്ന അജ്ഞാത സന്ദേശവും അതിൻ്റെ വായനാ വികാസവുമാണ് കഥയുടെ ആകെത്തുക. ജോസഫിന എന്ന യുവതി അഹ്മദ് എന്ന കവിക്കയക്കുന്ന രഹസ്യ സന്ദേശം ഐഡി മാറി വരുന്നതാണ് സന്ദർഭം. " പ്രണയത്തിൻ്റെ കനൽ എരിഞ്ഞടങ്ങുകയും പ്രഥമ ആകർഷണത്തിൻ്റെ വെണ്ണീർ ചിതറിപ്പോകുകയും ചെയ്യുമ്പോൾ നിൻ്റെ കൊട്ടാരം എനിക്കന്യമാകരുത്. കാവ്യ പ്രപഞ്ചമായിരുന്ന ഞാൻ സമാഹാരത്തിലെ ഒരു കവിത മാത്രമായി മാറരുത്", തുടങ്ങിയ ഉപമകൾ കഥയുടെ കാതൽ തന്തു പ്രകടമാക്കിത്തരുന്നു. അമേരിക്കൻ വംശജയായ വനിത അറബി പശ്ചാതലത്തിൽ നിന്നുള്ള കവിയെ പ്രണയിക്കുന്നതിൻ്റെ വിവരണങ്ങളാണ് എഴുത്തിലൂടെ വിവരിക്കുന്നത്.

കവിയെ പറ്റി അവർക്കുള്ള ധാരണകൾ വിവരിക്കുന്നിടത്ത് കവിയും കാമനയും വേർത്തിരിക്കുന്നതിനെ
ഇങ്ങനെ കാണാം."നിൻ്റെ കവിതകളിലെ ഭാവനാത്മകമായ പദങ്ങളിൽ നിന്ന് വ്യത്യസ്ഥമാണല്ലോ നിൻ്റെ ചുംബനത്തിലെ  ഈ ആർത്തി. നിൻ്റെ കവിതകൾക്കും ചുംബനത്തിനുമിടയിൽ ഒരു വിടവുണ്ടെന്ന് ഞാൻ കാണുന്നു. നിൻ്റെ കവിതകൾ എന്നെ നിഷ്കളങ്കമായി വിശേഷിപ്പിക്കുന്നു. നിൻ്റെ ചുംബനങ്ങൾ എന്നെ ക്ഷണിക്കുന്നത് കട്ടിലിലേക്ക്.
ഈ വൈരുദ്ധ്യം ഉൾക്കൊള്ളാൻ എനിക്ക് കഴിയുന്നില്ല. ഞാൻ വിശ്വസിച്ചിരുന്നത് കവികൾക്ക് കട്ടിൽ അറിയില്ലെന്നായിരുന്നു".  സ്വന്തം വ്യഥകൾ തുറന്നെഴുതുന്ന കത്തിൽ പ്രണയത്തിൻ്റെ വിശ്വാസ്യതയിലുടലെടുക്കുന്ന ആത്മസംഘർഷങ്ങളും കാണാൻ സാധിക്കുന്നു.,
"ഇതുപോലുള്ള എത്ര ബന്ധങ്ങൾ ഇതിനു മുമ്പ് നിനക്കുണ്ടായിരുന്നെന്ന് എനിക്കറിയില്ല. എന്നെ കുറിച്ച് നീ കവിതാ സമാഹാരം എഴുതുന്നതിന് മുമ്പ് എത്ര സ്ത്രീകളെ കുറിച്ച് നീ സമാഹാരം രചിച്ചിട്ടുണ്ടെന്നും എനിക്കറിയില്ല." കത്തി നുള്ളടക്കം ചിന്തിച്ച് പ്രണയ സന്ദേശം സഹപ്രവർത്തകന് അയക്കാനാവാത്തതും, അവസാനം അയാളുടെ താൽപര്യപ്രകാരം വിവാഹം നടക്കുന്നതുമാണ് ഒരു ഭാഗം.എന്നാൽ തനിക്ക് കിട്ടിയ മെയിൽ സന്ദേശം യഥാർത്ഥ കവിക്ക് കിട്ടിയില്ലല്ലോ എന്ന അലട്ടൽ, ഒടുക്കം മറുപടിയായി ജോസഫീനയിൽ നിന്ന് വന്ന വിവരണങ്ങൾ.
അവൾ വിശേഷിപ്പിച്ച കവിക്ക് അവളുടെ ശരീരത്തെയാണ് ആവശ്യമെന്നും, താൽക്കാലിക ബന്ധങ്ങളിലാണ് ആകർഷണമെന്നും മനസ്സിലാക്കി ഒഴിവാക്കപ്പെടുന്നതും, പുതിയ വിവാഹ ജീവിതത്തിലേക്ക് കടന്നതിലുള്ള സന്തോഷവുമെല്ലാം ഉൾപ്പെടുത്തിയാണ് കഥയവസാനിക്കുന്നത്.

മാതാപിതാക്കളുടെ ചിന്തകൾക്കനുസരിച്ച് മക്കളെ വളർത്തുന്നതിലെ അശാസ്ത്രീയത പറയുന്നതാണ്  'തല തിരിഞ്ഞ പ്രവർത്തന രീതി' എന്ന കഥ. ഒരമ്മയോട് മകൾ സംസാരിക്കുന്ന സംഭാഷണ രീതിയിലാണ് കഥയുടെ വികാസം.  കുഞ്ഞുങ്ങളെ അച്ചടക്കമുള്ളവരാക്കാൻ ഒരു മാതൃകാ ബാല്യമാണ് തങ്ങളുടേതെന്ന് സ്ഥാപിച്ചെടുക്കുന്ന രക്ഷിതാക്കളുടെ കളവുകളെ ചോദ്യം ചെയ്യുകയാണിതിൽ. രക്ഷിതാക്കൾ പടച്ചുണ്ടാക്കുന്ന ഭാവനാ കഥകളെ പൂർത്തീകരിക്കാൻ കൃത്രിമ ജീവിതം നയിക്കേണ്ടി വരുന്ന മക്കൾ. അവരുടെ തനിമയെ നഷടപ്പെടുത്തിയാണ് ചുറ്റുപാടകൾ നിർമ്മിച്ചെടുക്കുന്ന കൃത്രിമതയിലേക്ക് അവർ മാറ്റപ്പെടുന്നത്. " ഞങ്ങളുടെ സർട്ടിഫിക്കറ്റുകളിൽ ഞങ്ങൾ വിജയികളാണ്. പക്ഷേ കണ്ണാടി നോക്കിയാൽ ആ വിജയികളെ ഞങ്ങൾ കാണുന്നില്ല. നിങ്ങൾ സ്വയം വരഞ്ഞെടുത്ത വികൃത ചിത്രങ്ങളാണ് അതിൽ തെളിയുന്നത്.ആ ചിത്രം സാക്ഷാത്കരിച്ച് കാണിക്കേണ്ട ഭാരം ഞങ്ങൾക്കും." എന്ന കുട്ടിയുടെ പരാതി പറച്ചിൽ ഒരാധുനിക രക്ഷകർതൃ ബോധത്തിൽ തറക്കേണ്ട ശക്തമായ ആശയമാണ്.

"ഞങ്ങളുടെ പ്രകൃതത്തിനും അഭിരുചിക്കുമൊത്ത് വളരാൻ നിങ്ങൾ ഞങ്ങളെ വിട്ടിരുന്നെങ്കിൽ ഞങ്ങൾ ഞങ്ങളാകുമായിരുന്നു." എന്ന പ്രഖ്യാപനം ധാരാളം ചിന്തകളെ പടുത്തുയർത്തുന്നു. "നിങ്ങൾ നിങ്ങൾക്കു ജീവനുള്ള വ്യക്തിത്വവും ഞങ്ങൾക്ക് വേണ്ടി വൈജ്ഞാനിക ഗ്രന്ഥങ്ങളിലും, മന:ശാസ്ത്ര പുസ്തകങ്ങളിലും മാത്രം കാണുന്ന ജീവനില്ലാത്ത വ്യക്തിത്വവും എന്തുകൊണ്ട് തിരഞ്ഞെടുത്തു?. എന്ന ചോദ്യത്തിന് മുന്നിൽ പതറാതിരിക്കാനാവുമോ ഒരു രക്ഷിതാവിന്!. ഇത്തരം സ്വയം വിചാരണയുടെ പശ്ചാതലത്തിൽ സ്വന്തം ജീവിത ഉള്ളറകൾ മക്കൾക്ക് മുന്നിൽ തുറക്കുകയാണ് ആ അമ്മ. അതിലൂടെ കൂടുതൽ സ്നേഹവും, വാത്സല്യവും ലഭ്യമാക്കിയ പ്രക്രിയ. അതെ കപടതകളില്ലാത്ത, തുറന്ന ജീവിതത്തോളം മൂല്യവത്തായത് മറ്റെന്തുണ്ടെന്ന ചോദ്യത്തിനുത്തരമേകിയ കഥ.

പതിനൊന്നാമത്തെ കഥ' ചെന്നായ്ക്കൾ', ഈ സമാഹാരത്തിൽ രണ്ട് കഥകൾ ഒരേ ആശയം മുന്നോട്ടു വെക്കുന്നതിൽ ഒന്ന്.മറിയം എന്ന കഥയിൽ അച്ചനാൽ ക്രൂശിക്കപ്പെട്ട മകൾ. ഇതിൽ ആത്മഹത്യയെ കുറിച്ചന്വേഷിക്കുന്ന വിദ്യാർത്ഥിനിയുടെ ജീവിത പശ്ചാതലത്തിൽ പ്രകടമാക്കപ്പെടുന്ന ദയനീയത. സ്വന്തം പിതാവിനാലും, അമ്മാവനാലും കന്യകത്വം നഷ്ടപ്പെടേണ്ടി വന്ന കൗമാരക്കാരിയുടെ അനുഭവം. കഥ തുടങ്ങുന്ന വരി പോലെ ചിന്തനീയമാണ്, "പരീക്ഷണങ്ങൾ നമ്മുടെ കുട്ടികളെ നമുക്കു മുമ്പേ വൃദ്ധരാക്കുന്നു. നമ്മളറിയാതെ അവർ ജീവിതത്തെക്കുറിച്ച് വലിയ വലിയ  പാഠങ്ങൾ അഭ്യസിക്കുന്നു. അവരുടെ പരീക്ഷണങ്ങൾ ചിലപ്പോൾ നമ്മുടേതിനെക്കാൾ കഠിനവും യുഗങ്ങൾ നീണ്ടു നിൽക്കുന്നതുമായിരിക്കും."

ചെന്നായ ഇരയുടെ രൂപമെന്തെന്ന് നോക്കാറില്ലല്ലോ. ആഗ്രഹങ്ങൾ ശമിപ്പിക്കുന്നതിൽ ഇരകളെല്ലാം അതിന് ഒരു പോലെ. ഒരാവശ്യവുമില്ലെങ്കിലും ചെന്നായ്ക്കൾ അങ്ങനെയാണല്ലോ...! സ്വന്തവും, ബന്ധവുമൊക്കെ ബഹുമാനത്തിനും, മൂല്യബോധത്തിനും മുന്നിൽ നിലനിൽക്കുന്ന കേവലതയാണ്. വിവേകമില്ലാത്ത വികാരങ്ങൾക്കും, കാമ കണ്ണുകൾക്കും ഈ നേരിയ വരമ്പുകൾ കാണാനാവില്ല. കഥയിലെ ടീച്ചറുടെ മുന്നിലിരുന്നു കുടുംബത്തിനകത്ത് നിന്ന് ഏൽക്കേണ്ടി വരുന്ന പീഢനങ്ങൾക്ക് കാരണക്കാർ ഉമ്മയുടെ ഭർത്താവും, സഹോദരനുമാണെന്ന് പറയേണ്ടി വരുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ എത്രയോ കടുത്തതായിരിക്കും അതവൾ നേരിട്ടനുഭവിക്കേണ്ടി വന്നപ്പോൾ. നീ കന്യകയാണെന്ന പ്രതീക്ഷയാണ് എനിക്കുള്ളതെന്ന് പറയുമ്പോൾ, അവളുടെ മൂർച്ചയേറിയ മറുപടി തന്നെ നിലനിൽക്കുന്ന വ്യവസ്ഥയോടുള്ള വെല്ലുവിളിയായി കാണാം."നിങ്ങൾ വിചാരിക്കുന്നത് പോലെ എന്നെ അലട്ടുന്നത് എൻ്റെ കന്യകാത്വമല്ല. ആ കൃത്യത്തിൻ്റെ നീചതയാണ്, ഹീനത്വമാണ്.'' എന്ന് പറയുമ്പോൾ അവളോട് തെറ്റ് ചെയ്തവർക്കില്ലാത്ത നഷ്ടബോധമൊന്നും തനിക്കില്ല എന്നും, സുരക്ഷണമേകേണ്ടവർ ചെയ്ത നീചകൃത്യമാണ്  വെറുക്കപ്പെടേണ്ടതെന്ന മഹത് സന്ദേശം.

അവസാനം ടീച്ചർ നൽകുന്ന ഉറപ്പിൽ വിശ്വസിച്ചവൾ വീട്ടിലേക്ക് മടങ്ങി. എന്നാൽ പിതാവിനോട് നേരിൽ പറഞ്ഞ് തൻ്റെ ആത്മ സംഘർഷം കുറക്കാനുള്ള ശ്രമം അയാളുടെ കഠാര വെട്ടിനാൽ കഴുത്തറുക്കപ്പെട്ടവളായി ഒടുങ്ങുന്നു."ഞാൻ കന്യകയല്ലെന്ന് ഭയക്കുന്നു എന്നതിൽ കവിഞ്ഞൊന്നും കൂടുതൽ അയാളോടു പറഞ്ഞില്ല, അവൾക്ക്‌ വിശദീകരിക്കാനോ ചർച്ചക്കോ അവസരം കൊടുത്തില്ല, അലങ്കാരത്തിന് ധരിക്കുന്ന കഠാരകളിലൊന്ന് ഊരി അയാൾ അവളുടെ പിരടിക്ക് വെട്ടി. പിതാവിൻ്റെ കത്തിക്കവൾ കീഴടങ്ങി, അതായിരുന്നു ആഗ്രഹം എന്ന പോലെ."
വിവരങ്ങൾ എഴുതി വെച്ചതിൽ നിന്ന് വായിച്ചറിഞ്ഞ മാതാവിനടുത്ത് ടീച്ചർ എത്തുമ്പോഴേക്കും, സ്വയം മരിക്കാതെ തന്നെ നശിപ്പിച്ചവരാൽ തന്നെ ഇല്ലാതെയാക്കി അവൾ ആത്മഹത്യാ പാപത്തിൽ നിന്ന് രക്ഷനേടുന്നു."മരണശേഷം അവളുടെ തുറന്ന രണ്ട്  കണ്ണുകൾ അവനെ അറുത്തവനെ നന്ദിയോടെയും കാരുണ്യത്തോടെയും നോക്കുന്നതു പോലെയുണ്ട്, ജീവിക്കാനുള്ള അവളുടെ ആഗ്രഹം അവർ ഞെക്കിക്കൊന്നു." എന്ന വരികളിലൂടെ വേട്ടയാടപ്പെടലുകളിൽ ബലിയാകേണ്ടി വരുന്ന ഇരകളുടെ ദയനീയാവസ്ഥ അടയാളപ്പെടുത്തുന്നു. നിരപരാധികളായിട്ടും, ഇരയാകേണ്ടി വരുന്നതിൻ്റെ അഘാതത്തിനപ്പറം, പാപഭാരമേറ്റെടുക്കേണ്ടി വരികയും, സമൂഹത്തിൻ്റെ പഴിചാരലുകൾക്ക് പാത്രമാകുകയും ചെയ്യുന്നു എന്നതിനോളം അനീതി എന്തുണ്ട്?.

2011 ൽ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ച 104 പേജുകളുള്ള ബുക്കിൽ ഒരു അറേബ്യൻ സംസ്കൃകൃതിയുടെ പുറംപൂച്ചുകളെ പൊളിച്ചെഴുതുന്നുണ്ട്. ഏതൊരു സമൂഹത്തിൻ്റെയും ലിഖിത ധാർമ്മികതയും, ആന്തരിക അധാർമ്മികതയും തമ്മിൽ വലിയ വ്യത്യാസം കാണാനാവും. കപടമുഖം മൂടികളാൽ തീർക്കുന്ന സംരക്ഷണ കവചം കൊണ്ട് നിലനിൽക്കാനാവുമെങ്കിലും, അകമെരിഞ്ഞ് വിസ്ഫോടനം നടക്കുന്ന ഘട്ടങ്ങൾ ഉണ്ടായേ മതിയാകൂ. ഇത്തരം തുറന്നെഴുത്തുകൾ അത്തരം ലാവകളുടെ പുറന്തള്ളലായി കാണാം. ഡോ. അസ്മ അൽ കത്വിബി വരച്ചു കാണിക്കുന്ന ചുറ്റുപാടുകൾ സാങ്കൽപ്പികമെങ്കിൽ അവ നമുക്ക് ചുറ്റും നിത്യ കാഴ്ചകൾ തീർക്കുന്നുണ്ട്. ഒന്നുറച്ച് നോക്കിയാൽ അസ്മയെപ്പോലെ നമുക്കും പ്രതികരിക്കാനാവുമെന്ന ബോധ്യമുണ്ടായാൽ ഖേദിക്കേണ്ടി വരില്ല!

No comments:

Post a Comment

  Book Review Contest -2024        Instructions: Review ചെയ്യാൻ നിങ്ങൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാം. (Irrelevant ആയതോ/common ആയി ...