Reviews by Mansoor Ameen

 'Desperately seeking Paradise: Journeys of a Sceptical Muslim'. - Siyaudheen Sardar 


സമകാലിക മുസ്ലിംബുദ്ധിജീവികളിൽ പ്രസിദ്ധനായ സിയാവുദ്ദീൻ സർദാർ മതം, ശാസ്ത്രം, സംസ്കാരം തുടങ്ങിയ വിഷയങ്ങളിലായി നാൽപ്പത്തഞ്ചോളം രചനകൾ നിർവഹിച്ചിട്ടുണ്ട്. ജനനം പാകിസ്ഥാനിലായിരുന്നുവെങ്കിലും യുവത്വവും വിദ്യാഭ്യാസവും ലണ്ടനിൽ. ഗവേഷകൻ, സാമൂഹ്യ നിരീക്ഷകൻ, പത്രപ്രവർത്തകൻ, ചിന്തകൻ തുടങ്ങി കൈവെക്കാത്ത മേഖലകൾ വിരളം. ബ്രിട്ടണിലെ 100 ബുദ്ധിജീവികളിൽ ഒരാളായി പ്രോസ്പെക്ടസ് മാഗസിൻ അദ്ദേഹത്തെ തിരഞ്ഞെടുക്കുകയുണ്ടായി. 

'ദ ഫ്യൂച്ചർ ഓഫ് മുസ്ലിം സിവിലൈസേഷൻ, ദ ഇസ്ലാമിക് ഫ്യൂച്ചേഴ്സ്: ദ ഷെയ്പ്പ് ഓഫ് ഐഡിയാസ് ടു കം,  വൈ ഡു പീപ്പിൾ ഹൈറ്റ് അമേരിക്ക' എന്നിവ അദ്ദേഹത്തിൻറെ പ്രസിദ്ധ കൃതികളിൽ ചിലതു മാത്രം. 

സ്വന്തം മതത്തിൻ്റെ സമകാലിക പ്രസക്തിയും അർത്ഥവും അറിയുവാനുള്ള അടങ്ങാത്ത ദാഹവും പറുദീസയിൽ എത്തിച്ചേരാനുള്ള പ്രതീക്ഷകളുമായി അദ്ദേഹം നടത്തുന്ന യാത്രകളുടെ വിവരണമാണ് Desperately seeking Paradise: Journeys of a Sceptical Muslim എന്ന ആത്മകഥാംശ ഗ്രന്ഥത്തിൻ്റെ ഇതിവൃത്തം. ലണ്ടനിൽ വിദ്യാർത്ഥിയായിരിക്കെ തന്നെ അദ്ദേഹം ആരംഭിക്കുന്ന യാത്രയിൽ തബ്ലീഗ് ജമാഅത്ത്, ജമാഅത്തെ ഇസ്ലാമി, മുസ്ലിം ബ്രദർഹുഡ്, സൂഫിസം, ഷിയായിസം, സുന്നിസം, വഹാബിസം തുടങ്ങിയ ചിന്താധാരകളുടെ വക്താക്കളുമായോ പ്രയോക്താക്കളുമായോ അടുത്തിടപഴകി അതത് സരണികളുടെ അടിവേരറിഞ്ഞു.  അതിനായി ഇറാൻ, സൗദി അറേബ്യ, ഉത്തരാഫ്രിക്ക, പാകിസ്ഥാൻ, ചൈന, മധ്യേഷ്യ, മലേഷ്യ, തുർക്കി എന്നിവിടങ്ങളിലൂടെ അദ്ദേഹം സഞ്ചരിച്ചു. 

വിട്ടുവീഴ്ചയില്ലാത്ത മതമൗലികവാദ ത്തിൽ നിന്നും വഴി വിട്ട മതേതരവാദത്തിൽ നിന്നും യഥാർത്ഥ ഇസ്ലാമിനെ കണ്ടെത്താൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ അനിതരസാധാരണമായ വഴക്കത്തോടെ ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.

മുസ്ലിം ലോകത്തുടനീളം ഇടക്കാലത്ത് ഉടലെടുത്ത വിവിധ ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ സൂക്ഷ്മമായി പിന്തുടരാൻ സർദാർ സമയം കണ്ടെത്തിയിട്ടുണ്ട്. യാത്രയിലുടനീളം എവിടെയാണ് ഇസ്ലാമിൻ്റെ സൗന്ദര്യം എന്നാണദ്ദേഹം തേടുന്നത്. സ്വർഗ്ഗം സ്വന്തമാക്കാനുള്ള സംഘടനകളുടെ മത്സരയോട്ടം സർദാറിന് ഒരു കോമാളി ക്കാഴ്ച്ചയായിട്ടാണ് അനുഭവപ്പെടുന്നത്. സാംസ്കാരിക സാധ്യതകളുടെ സങ്കലനം അസാധ്യമാക്കുന്ന ഏകശിലാ ഘടനയാണ് മുഖ്യധാര ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രധാന പരിമിതി എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

ഇസ്ലാമിന് ബദലായി തുർക്കിയിൽ വന്ന മതേതരത്വ മാനവികതയേയും അദ്ദേഹം കണക്കറ്റ പരിഹസിക്കുന്നുണ്ട്. മതേതര വത്കരിക്കപ്പെടാനുള്ള ഭ്രാന്തമായ ആവേശത്തിൽ തുർക്കിയുടെ മതമനസ്സ് കൈമോശം വന്ന  എന്നദ്ദേഹം പറയുന്നു. ഫലമോ തുർക്കിയുടെ ഇസ്ലാമിസ്റ്റുകൾ പർദ്ദ ധരിക്കാത്ത സ്ത്രീകളെയാണ് വേട്ടയാടിയതെങ്കിൽ അവിടുത്തെ മതേതരത്വം പർദ്ദ ധരിച്ചവരെ അപകടപ്പെടുത്താൻ ശ്രമിച്ചു. മതചിഹ്നങ്ങളെ ബഹിഷ്കരിക്കാൻ അവർ വെമ്പൽകൊണ്ടു.

സൽമാൻ റുഷ്ദിയും ആയത്തുള്ള ഖുമൈനിയും  യഥാർത്ഥത്തിൽ രണ്ടറ്റങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒരാൾ ആവിഷ്കാര സ്വാതന്ത്ര്യത്തെ അനാവശ്യമായി ഉപയോഗപ്പെടുത്തിയപ്പോൾ മറ്റേയാൾ മതാധികാരത്തെ അനിഷേധ്യമാക്കി. പിന്നിട്ട രാജ്യങ്ങളുടെ ഗ്രാമ- നഗരാന്തരങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ  അവിടുത്തെ ചരിത്രവും പകർത്താൻ അദ്ദേഹം ശ്രമിക്കുന്നുണ്ട് എന്നതാണ് ഈ ഗ്രന്ഥത്തിൻ്റെ  മറ്റൊരു മാറ്റ്. 


- സ്വർഗ്ഗം ഉണർത്തപ്പെടുന്നു

- മോക്ഷത്തിൻ്റെ സാഹോദര്യം

- നീണ്ട ഫലവൃക്ഷം

- മിസ്റ്റിസിസത്തിൻറെ നിഗൂഢതകൾ

- സ്വർഗ്ഗത്തിൻ്റെ തൊട്ടിൽ 

-തലവന്മാരും കർഷകരും 

-മക്കയെ രക്ഷിക്കാൻ

-സൗദിഅറേബ്യ വിടുന്നു

-സ്വർഗ്ഗീയ വിപ്ലവം

-ഇൻക്വയറി വർഷങ്ങൾ 

-ദൈവീക നിയമങ്ങൾ 

-മതേതരത്വത്തിൻ്റെ സന്തോഷങ്ങൾ

-പൈശാച വാക്യങ്ങൾ 

-ബഹു സാംസ്കാരികത അന്നും ഇന്നും -മുകളിലേക്കോ? താഴേക്കോ?


15 അധ്യായങ്ങളിലായി വിശാലമായ ഈ കനപ്പട്ട കൃതി അനുവാചക മനസ്സുകളെ ആകർഷിക്കും വിധം ഹൃദ്യമായ ശൈലിയിലാണ് സിയാവുദ്ദീൻ സർദാർ രചിച്ചിട്ടുള്ളത്. 

കെ.സി സലിം മലയാളത്തിലേക്ക്  വിവർത്തനം ചെയ്തിട്ടുണ്ട്. അജയ്. പി. മങ്ങാടിൻ്റെ  അവതാരികയും മനോഹരമാണ്.

'സ്വർഗ്ഗം തേടി നിരാശയോടെ' എന്നായിരുന്നു പ്രസാദകരായ അദർ ബുക്സ് ആദ്യ പതിപ്പിന് നൽകിയ തലക്കെട്ട്. പിന്നീട് വിവർത്തകൻ്റെ തന്നെ നിർദ്ദേശപ്രകാരം 

'സ്വർഗ്ഗം തേടി: ഒരു മുസ്ലിം സന്ദേഹിയുടെ യാത്രകൾ' എന്ന ശീർഷകത്തിൽ രണ്ടാം പതിപ്പും പ്രസിദ്ധീകൃതമായി.



Leading like Nelson Mandela

'Leading like Nelson Mandela' എന്ന Martin Kalungu Banda  എഴുതിയ  പുസ്തകം 'നേതൃത്വം നെൽസൺ മണ്ടേലയുടെ മാതൃക' എന്ന പേരിൽ എം.പി സദാശിവൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

ഡി. സി ബുക്സ് ആണ് അതിന്റെ  പ്രസാദനവും വിതരണവും  നിർവഹിച്ചിട്ടുള്ളത്.

ഈ പുസ്തകത്തിനകത്ത് ഇരുപത്തിരണ്ട്  സന്ദർഭങ്ങളിൽ മഹാനായ നെൽസൺ മണ്ടേല നടത്തിയ ഇടപെടലുകൾ മനോഹരവും ഹൃദ്യവുമായി  പ്രതിപാദിച്ചിട്ടുണ്ട്.

ഈ സന്ദർഭങ്ങളിലെല്ലാം ഒരു നേതാവ് എങ്ങനെയായിരിക്കണം എന്ന് കൃത്യമായും അദ്ദേഹം അടയാളപ്പെടുത്തുന്നുണ്ട്.

നമുക്കറിയാം നെൽസൺ റോലിഹ് ലാഹ മണ്ടേല മഹാനായ നേതാവും അതോടൊപ്പം ഊർജ്ജസ്വലനായ പ്രചോദകനുമായിരുന്നു. സംസ്കാരം, ലിംഗഭേദം, മതം, വർഗ്ഗം. പ്രായം എന്നീ പരിമിതികളെയെല്ലാം ഉല്ലംഘിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഒരുകാലത്ത് ഏറ്റവും കൂടുതൽ ധ്രുവീകരിക്കപ്പെട്ടിരുന്ന, വംശീയവും വർഗീയവുമായ അടിസ്ഥാനത്തിൽ പൊട്ടിത്തെറിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന, ഒരു സമൂഹത്തിലാണ് അദ്ദേഹം ഈ മാറ്റം വരുത്തിയത് എന്ന് നമ്മളെല്ലാവരും ഓർക്കേണ്ടത്. 

സാമാന്യനായ ഈ മനുഷ്യന്റെ അത്യപൂർവ നേതൃത്വത്തിന്റെ ഫലമായി ആ പൊട്ടിത്തെറി ഒഴിവാക്കപ്പെട്ടു. സാധാരണ മനുഷ്യരെയും സംഭവങ്ങളെയും പ്രവർത്തനങ്ങളെയും അസാധാരണത്വത്തിലേക്ക് ഉയർത്തുന്നതാണ് മണ്ടേലയുടെ സ്വാധീനം.

പുസ്തകത്തിൽ പരാമർശിച്ച സന്ദർഭങ്ങളിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ നമ്മെ പഠിപ്പിക്കുന്ന പ്രധാന പാഠങ്ങൾ ഇപ്രകാരം സംഗ്രഹിക്കാം.

- മഹാന്മാരായ നേതാക്കൾ അവരാൽ നയിക്കപ്പെടുന്നവരുടെ സേവകരാണ്. ഗവൺമെന്റിലോ സിവിൽ സമൂഹത്തിലോ കുടുംബത്തിലോ  ഉള്ള ആരുടെ കാര്യത്തിലായാലും ഇതാണ് സത്യം.

- നേതാക്കൾ മാതൃക കാണിക്കേണ്ടതുണ്ട്. അവർ സ്വയം ചെയ്യാത്ത കാര്യങ്ങൾ മറ്റുള്ളവരോട് ചെയ്യാൻ വേണ്ടി നിർബന്ധിക്കരുത്.

- നേതാക്കൾ ആരെ കണ്ടുമുട്ടുന്നുവോ അവരുടെ കഴിവിന്റെ പാരമ്യത്തെ പുറത്തുകൊണ്ടുവരും.

- നേതാക്കൾ മറ്റുള്ളവരിലെ നന്മയെ കാണുകയും അത് മാനിക്കുകയും ചെയ്യുന്നു.

- നേതാക്കൾക്ക് അവരുടെ അണികളോട് ആദരവും അനുകമ്പയും വേണം. നമുക്കറിയാം നേതൃത്വം ജനങ്ങളുമായി ബന്ധപ്പെട്ടതാണ്, ഓരോ വ്യക്തിക്കും പ്രാധാന്യമുണ്ട്. മദർ തെരേസയെയും മഹാത്മാഗാന്ധിയെയും പോലെ നെൽസൺ മണ്ടേലയും ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു പദ്ധതിയല്ല മുന്നോട്ട് വെച്ചത്. അങ്ങനെയല്ല തന്റെ ദൗത്യം ആരംഭിച്ചത്. 

- ജനങ്ങളിലുള്ള അടിയുറച്ച  വിശ്വാസമായിരിക്കണം ഓരോ കാലത്തെയും ഓരോ സമയത്തെയും നേതാക്കളുടെ കൈമുതൽ.

- നേതാക്കൾ മറ്റുള്ളവരുടെ കഴിവുകൾക്ക് പ്രചോദനം നൽകുന്നതോടൊപ്പം തന്നെ അവരുടെ കഴിവുകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ ശ്രമിക്കുന്നവരുമാകണം. 

- സമൂഹത്തിന്റെ വളർച്ചയ്ക്കും ഗുണകരമാകുന്ന രീതിയിലുള്ള സ്വഭാവഗുണങ്ങൾ ഓരോരുത്തരിലും ഉണ്ട് എന്നവർ മനസ്സിലാക്കുകയും അത് അവരിൽ നിന്ന് കണ്ടെത്തി ഉപയോഗപ്പെടുത്തുകയും ചെയുക.

- പ്രചോദനാത്മക കാഴ്ച്ചപ്പാടില്ലാത്ത നേതാക്കൾക്ക് അവരുടെ സമൂഹങ്ങളെയും സംഘടനകളെയും ഒരിക്കലും പ്രചോദിപ്പിക്കുവാൻ സാധിക്കുകയില്ല.

' നേതാവ് മൂല്യങ്ങളുടെ സമുച്ചയ മായിരിക്കണം. .


വായനക്കാരന് പെരുമാറ്റ രീതി ശാസ്ത്രത്തിന്റെ പുതിയ തലങ്ങൾ നൽകുന്ന പുസ്തകം വേറിട്ടു നിൽക്കുന്ന ഒരനുഭവമാണ്.

No comments:

Post a Comment

  Book Review Contest -2024        Instructions: Review ചെയ്യാൻ നിങ്ങൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാം. (Irrelevant ആയതോ/common ആയി ...